ഒറ്റ നോട്ടത്തിൽ തന്നെ തവളയ്ക്ക് പാമ്പിനോട് ആരാധന തോന്നി . ഇവനുമായി ചങ്ങാത്തം കൂടിയാൽ പിന്നെ ആരെയും പേടിക്കണ്ട. തവള മനസ്സിൽ നൂറു നൂറു സ്വപ്നങ്ങൾ കണ്ടു .
പാമ്പ് തവളയെ കണ്ടു. ഒറ്റ ചാട്ടത്തിനു അവനെ വിഴുങ്ങാനാണ് തോന്നിയത് എങ്കിലും അവന്റെ ചാഞ്ഞും ചെരിഞ്ഞും ഭക്തിയോടെയുള്ള നില്പ്പും കണ്ടപ്പോൾ അവനെന്തോ പറയാനുണ്ടെന്ന് പാമ്പിനു മനസ്സിലായി .
' അങ്ങുന്നേ, ഞാൻ ഇവിടെ അടുത്തൊരു മഞ്ഞ കുളത്തിലാണ് താമസിക്കുന്നത്. അങ്ങുന്ന് ഞങ്ങളുടെ കൂടെ താമസിക്കാമോ? നമുക്കെന്നും ചങ്ങാതിമാരായി കഴിയാം'
'ഹ്ഹ്ഹ് ഇത് കൊള്ളാമല്ലോ? ഇവനെ ഒറ്റയടിക്ക് അകത്താക്കിയാൽ ശരിയാവില്ല. മഞ്ഞക്കുളം നിറയെ ഇവനെ പോലുള്ള പോക്കാച്ചി തവളകൾ ആയിരിക്കും . അവിടെ എങ്ങനെയെങ്കിലും കടന്നു കൂടണം . തല്ക്കാലം ഈ മണ്ടനെ പറ്റിക്കാം'
പാമ്പ് കൊതിയോടെ മനസ്സിൽ ചിന്തിച്ചു . അങ്ങനെ ഇരുവരും ചങ്ങാതിമാരായി. നമ്മുടെ തവളച്ചാർ ആവട്ടെ പാമ്പിന്റെ പുറത്തു രാജകീയമായി കയറി ഇരുന്നു മഞ്ഞക്കുളത്തിലേക്ക് യാത്ര തിരിച്ചു . അങ്ങനെ കുളത്തിൽ എത്തി .
മറ്റു തവളകൾ നോക്കുമ്പോഴുണ്ട് നമ്മുടെ തവളയുടെ അകമ്പടിയോടെ ഒരു വലിയ പാമ്പ് കുളത്തിലേക്ക് അരിച്ചു വരുന്നു.'ഡാ മണ്ടാ, നീ എവിടുന്നാണ് ഈ പാമ്പിനെയും കൊണ്ട് വരുന്നത് ? ഇവൻ നമ്മുടെ ശത്രു ആണെന്ന് അറിയില്ലേ . നമ്മുടെ എത്ര പൂർവികരെ ഇവൻ കൊന്നു തിന്നിരിക്കുന്നു?'
മറ്റുള്ളവരുടെ മുന്നറിയിപ്പ് വക വെക്കാത്ത തവള പാമ്പിനു കുളത്തിൽ സുഖവാസം ഒരുക്കി.
പാമ്പാവട്ടെ രഹസ്യമായി ഓരോരുത്തരെ അകത്താക്കാൻ തുടങ്ങി . ഓരോ ദിവസവും ഓരോരുത്തരെയാണ് അകത്താക്കിയത്. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി . കുളത്തിലെ തവളകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു . പാമ്പാവട്ടെ, പുറമേ നല്ല ചങ്ങാത്തം അഭിനയിക്കുകയും ഇരുട്ടിന്റെ മറവിൽ തന്റെ യഥാർത്ഥ സ്വഭാവം കാണിക്കുകയും ചെയ്തു . അങ്ങനെ അവസാനം നമ്മുടെ മണ്ടനായ തവള മാത്രം ബാക്കിയായി .
ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ പാംബ് നമ്മുടെ മണ്ടൻ തവളയെ വിഴുങ്ങാനായി വന്നു. പേടിച്ചു വിറച്ച തവള ചങ്ങാത്തത്തെ ഓര്മ്മിപ്പിച്ചു.
" സ്വന്തം വര്ഗ്ഗത്തെ വഞ്ചിച്ച നിന്നെയാണ് ആദ്യം വിഴുങ്ങേണ്ടിയിരുന്നത് . പക്ഷെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എനിക്ക് ഇത്രയും കാലം സുഭിക്ഷമായി കഴിയാൻ ആവുമായിരുന്നില്ല. അതിനാൽ ഇനി നിന്റെ ഊഴമാണ് '
Very good story
ReplyDelete