ഇന്ന് ക്നാനായ തനിമയുടെ പേരിൽ ഒച്ചപ്പാടുണ്ടാക്കുന്നവരുടെ പല്ലു കൊഴിയുന്നതും കാത്തിരിക്കുകയാണു കാക്കനാട് സിനോട് .
ഏറിയാൽ മുപ്പതു വർഷം, അതിനുള്ളിൽ സങ്കരപ്പള്ളികളുടെ വിശ്വരൂപം അമേരിക്കയിലെ ക്നാനായക്കാർ നേരിട്ടു കാണും. ഇന്നത്തെ തനിമ വാദികളൊക്കെ അന്ന് ഏതെങ്കിലും വൃദ്‌ധ സദനങ്ങളിലായിരിക്കും.ഇതു നന്നായിട്ടു മനസിലാക്കിയിട്ടാണു കാക്കനാട് സിനോട് പണിതുടങ്ങിയിരിക്കുന്നത്. അതിന് ഒത്താശ ചെയ്യാൻ അമേരികൈൽ ക്നാനായകാരെ മെരുക്കാൻ വന്നിരിക്കുന്ന ചില പുരിഹിതരും.വേകുവോളം നിൽക്കാമെങ്കിൽ ആറുവോളം നിൽക്കാൻ അവർ തയ്യാറാണു.
മകനെ സാബു ,എല്ലാം മൂലക്കാട്ട് പിതാവിന് തനിയെ ചെയ്യാവുന്നതാണതെല്ലാം, നീ വെറുതെ നടന്നു ഇവിടം വരെ !
(2014 ജൂണ്‍ 2-ാം തീയതി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി
ക്‌നാനായ വിമോചന സഹനയാത്രയുടെ നിവേദനസംഘത്തിന് അനുവദിച്ച അഭിമുഖം)
ക്നാനായ വിമോചന സഹനയാത്രയുടെ നിവേദനസംഘത്തിന് അനുവദിച്ച അഭിമുഖം)
ഞങ്ങള്‍ നടന്നു രണ്ടാം നിലയിലെത്തി.
അച്ചാ ഞങ്ങള്‍ ഫോട്ടോഗ്രാഫറെകൂടി വിളിച്ചിട്ടുവരാം.
ചാന്‍സിലര്‍, ഫാ: ആന്റണി കൊള്ളന്നൂര്‍ : ഫോട്ടോ ഒന്നും എടുക്കരുത്. നമ്മുടെ സംസാരങ്ങള്‍ക്ക് ഒരു റിക്കാര്‍ഡും പാടില്ല.
ഞങ്ങള്‍ മുറിയിലെത്തി പിതാവു സൈഡിലൂടെ കടന്നുവന്നു. എല്ലാവരും മോതിരം മുത്തി ഇരിക്കുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് : നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം, അതിരൂപതയില്ലേ?
സാബു ചെമ്മലക്കുഴി, അറ്റ്‌ലാന്റാ : അമേരിക്കയില്‍ അങ്ങാടിയത്ത് പിതാവ് ഇറക്കിയ ഇടയലേഖനം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
മേജര്‍ : അങ്ങാടിയത്ത് പിതാവ് എഴുതിയ ഇടയലേഖനം മൂലം ഒരു ബുദ്ധിമുട്ടും അമേരിക്കയിലുണ്ടായിട്ടില്ല.
സാബു : ബുദ്ധിമുട്ടുകള്‍ ഉണ്ട് പിതാവേ, 1986 റിസ്‌ക്രിപ്റ്റും വലിയ പ്രശ്‌നമായി നില്‍ക്കുന്നു വത്തിക്കാനില്‍ സ്വാധീനം ചെലുത്തി പിതാവിന് അത് പിന്‍വലിക്കാന്‍ സാധിക്കില്ലേ?
മേജര്‍ : അത് വത്തിക്കാന്‍ നല്‍കിയതല്ല; അമേരിക്കയിലെ ലത്തീന്‍ മെത്രാന്മാര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കപ്പെട്ടതാണത് അല്ലാതെ വത്തിക്കാന്‍ നേരിട്ട് നല്‍കിയതല്ല.
സാബു : ഇനിയും എന്താണ് പ്രശ്‌നപരിഹാരം?
മേജര്‍ : ഇക്കാര്യത്തില്‍ ഞാന്‍ വളരെയധികം പ്രയത്‌നിച്ചതാണ്. വത്തിക്കാന്‍ അത് പിന്‍വലിക്കാന്‍ തയ്യാറല്ല. കേരളത്തില്‍ മാത്രം എന്‍ഡോഗമി പാലിച്ചുകൊണ്ട് ആ സമുദായം നിലനില്‍ക്കട്ടെ, മറ്റിടങ്ങളില്‍ സീറോമലബാര്‍ സഭയോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കട്ടെ, എന്നാണ് റോമിന്റെ തീരുമാനം.
സാബു : അപ്പോള്‍ അമേരിക്കയില്‍ എന്തിനാണ് ഞങ്ങള്‍ക്ക് പ്രത്യേകമായ ദേവാലയങ്ങള്‍? 10 ഇടവകക്കാര്‍ ഉള്ളിടത്തുപോലും വൈദികനെ കാറില്‍ കൊണ്ടുവരണം, തിരിച്ചുകൊണ്ടു വിടണം, ഇന്‍ഷുറന്‍സ് എടുക്കണം, റ്റി.എ. നല്‍കണം, താമസസൗകര്യങ്ങളും ഭക്ഷണവും നല്‍കണം, ഞങ്ങള്‍ സീറോമലബാര്‍ പള്ളിയില്‍ ചേര്‍ന്നു നിന്നാല്‍പോരേ? ഇടയലേഖനം വന്നുകഴിഞ്ഞപ്പോള്‍ സ്‌തോത്രക്കാഴ്ച്ച മൂന്നിലൊന്നായി കുറഞ്ഞു.
മേജര്‍ : മൗനം പാലിക്കുന്നു.
ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍ : പത്തുപേര്‍ ചേര്‍ന്ന് നല്‍കിയ പരാതിയില്‍ ലഭിച്ച റിസ്‌ക്രിപ്റ്റ് പിന്‍വലിക്കാന്‍ സീറോമലബാര്‍ സിനഡിന്റെ തീരുമാനവും കത്തും ആവശ്യമാണെന്ന് മനസിലാക്കുന്നു. അത് ശരിയാണോ?
മേജര്‍ : അത് ശരിയല്ല. മൂലക്കാട്ട് പിതാവിന് തനിയെ ചെയ്യാവുന്നതാണതെല്ലാം. ഞാന്‍ റോമില്‍ സ്വാധീനം ചെലുത്തിയാലും സാധിക്കില്ല എന്നതാണ് സത്യം. ക്‌നാനായ അതിരൂപതയെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ എന്നെക്കാളും കൂടുതല്‍ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ മൂലക്കാട്ട് പിതാവിന് ചെയ്യുവാന്‍ കഴിയും.
സാബു : കോട്ടയം അതിരൂപതാദ്ധ്യക്ഷന് ലോകം മുഴുവനിലുമുള്ള ക്‌നാനായക്കാരുടെ മേല്‍ അജപാലനാധികാരം നല്‍കിയാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയില്ലേ?
മേജര്‍ : എനിയ്ക്കുപോലും ലോകം മുഴുവനിലും അധികാരമില്ലല്ലോ? എതാണ്ട് 18 രൂപതകളില്‍, അതായത് സീറോമലബാര്‍ സഭയുടെ പ്രോപ്പര്‍ ടെറിറ്റോറിയലില്‍ അല്ലേ എനിക്ക് അധികാരമുളളൂ.
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍ : പിതാവേ, ഡല്‍ഹിയിലെ ഞങ്ങളുടെ സ്ഥിതി വളരെ പരിതാപകരമാണ്. അവിടെ നിന്നും അന്‍പത് ക്‌നാനായ കത്തോലിക്കാ കുടുംബങ്ങള്‍ യാക്കോബായ സഭയിലേക്ക് പോകുകയും അവരുടെ ദേവാലയങ്ങളില്‍ നിന്നും കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യുന്നതായി അറിയുന്നു. പെന്തക്കോസ്തിലേക്കും, യഹോവ സാക്ഷിയിലേക്കും ആളുകള്‍ പോകുന്നു. അത് സങ്കടകരമായ അവസ്ഥയല്ലേ?
മേജര്‍ : കുറേനേരം മൗനത്തില്‍............... അത് മൂലക്കാട്ട് പിതാവിനോട് നേരിട്ടു നിങ്ങള്‍ സംസാരിക്കേണ്ട വിഷയമാണ്.
റ്റോമി ജോസഫ് : ഡല്‍ഹിയില്‍ രൂപത വരുന്നതിന് മുമ്പ് വടക്കുംഭാഗക്കാര്‍ക്കും തെക്കുംഭാഗക്കാര്‍ക്കും കോര്‍ഡിനേറ്റര്‍മാരുണ്ടായിരുന്നു. രൂപത വന്നുകഴിഞ്ഞപ്പോള്‍ വടക്കുംഭാഗക്കാര്‍ക്ക് ആ സംവിധാനം അവശ്യമില്ലാതായി. ഞങ്ങള്‍ക്കിന്നും കോര്‍ഡിനേറ്റര്‍ നിലനില്‍ക്കുന്നു. അതിന്റെയര്‍ത്ഥം അവര്‍ക്കവിടെ നീതി ലഭിക്കുന്നില്ല എന്നല്ലേ? കോട്ടയം രൂപത അയച്ച തടത്തിലച്ചനെ ക്‌നാനായ കോര്‍ഡിനേറ്റര്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെ ഒറ്റ ക്‌നാനായക്കാരന്‍ പോലുമില്ലാത്ത അശോക് വിഹാറിലെ സെന്റ് ജൂഡ് പള്ളിയില്‍ നിയമിച്ചിരിക്കുന്നു.
പിതാവേ, കേരളത്തില്‍ നിന്നും ജോലിതേടിയാണല്ലോ രണ്ടു വിഭാഗക്കാരും ഡല്‍ഹിയിലെത്തിയത്, അവര്‍ക്ക് പൊതുവായിട്ടുള്ള തലവനായി അങ്ങുണ്ടല്ലോ? അപ്പോള്‍ ഡല്‍ഹിയിലും അതിന്റെ ഗുണമുണ്ടാകണ്ടേ?
മേജര്‍ : ഡീറ്റേയില്‍സിലേക്ക് പോകുവാന്‍ നമുക്കിപ്പോള്‍ ആവില്ല (മൗനം തുടരുന്നു....)
ഡോമിനിക് : അങ്ങ് പറയുന്നതിനെല്ലാം കുറച്ചുകൂടി ക്ലാരിറ്റി ലഭിക്കേണ്ടതായിട്ടുണ്ട്. പിതാവേ, ഞങ്ങള്‍ക്കായി എന്തിനാണ് സിനഡില്‍ വോട്ടെടുപ്പ് നടത്തുന്നത്. മുപ്പതിനു മുകളില്‍ വടക്കുംഭാഗ മെത്രാന്മാരുടെ കൂട്ടത്തില്‍ രണ്ട് വോട്ടുള്ള കോട്ടയം മെത്രാന്റെ ആവശ്യത്തിനുമേല്‍ വോട്ടിട്ടാല്‍ അതിന്റെ ഫലമെന്താകുമെന്ന് അങ്ങേക്ക് അറിയാമല്ലോ. മറ്റ് മെത്രാന്മാരെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കാന്‍ ഞങ്ങള്‍ക്കാവില്ലല്ലോ? ഞങ്ങള്‍ ന്യൂനപക്ഷമല്ലെ ഈ വോട്ടെടുപ്പ് അനീതിയല്ലേ?
മേജര്‍ : ആര് പറഞ്ഞു നിങ്ങളുടെ ആവശ്യത്തിനുമേല്‍ വോട്ടെടുപ്പ് നടന്നെന്ന്? വോട്ടെടുപ്പൊന്നുമുണ്ടായിട്ടില്ല.
ഡോമിനിക് : ഞങ്ങള്‍ക്ക് ആറ് വോട്ടാണ് ലഭിക്കുന്നതെന്ന് വര്‍ക്കി പിതാവ് പറഞ്ഞിട്ടുണ്ടല്ലോ?
വര്‍ക്കിപിതാവ് എഴുതിയ ഹൃദയത്തിലേക്ക് എന്ന പുസ്തകത്തില്‍ വോട്ടിങ്ങിനെക്കുറിച്ച് പറയുന്നുണ്ട്. ഞങ്ങളുടെ വോട്ടിങ്ങിനെക്കുറിച്ചല്ല പറയുന്നതെങ്കിലും സ്വഭാവികമായി അങ്ങനെ ചിന്തിക്കാം.
മേജര്‍ : എനിക്കറിയില്ല .......... അക്കാര്യം
സാബു : അമേരിക്കയില്‍ ഇനിയും ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?
മേജര്‍ : അമേരിക്കയില്‍ ഞങ്ങള്‍ക്ക്, സിനഡിന് അധികാരമില്ല എന്നറിയാമല്ലോ.
ഡോമിനിക് : എന്നിട്ട് അവര്‍ ഇവിടെ വന്ന് എന്തിനാണ് ഞങ്ങള്‍ക്കെതിരായി വോട്ട് ചെയ്യുന്നത്? അധികാരമില്ല എന്നത് സാങ്കേതികമായ കാര്യമല്ലേ?
മേജര്‍ : ഡീറ്റേയില്‍സ് പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ധാരാളം കാര്യങ്ങള്‍ പറയേണ്ടിവരും.
റ്റോമി : അങ്ങ് പറയുന്നു; അമേരിക്കയിലും ഡല്‍ഹിയിലും അവിടുത്തെ ലത്തീന്‍ ബിഷപ്പുമാര്‍ക്കാണ് അധികാരമെന്ന് എന്നാല്‍, കണ്ണൂര്‍ രൂപതയ്ക്കാവശ്യമായ അപേക്ഷ 36 വര്‍ഷമായി നിലവിലുണ്ടല്ലോ? അതിന്‍മേല്‍ എന്തുകൊണ്ട് തീരുമാനം എടുക്കുന്നില്ല ?
മേജര്‍ : മുന്‍പ് നിങ്ങള്‍ പറഞ്ഞതുപോലെ, കണ്ണൂര്‍ രൂപതയുടെ ആവശ്യത്തിന്മേല്‍ വോട്ടെടുപ്പ് നടന്നു എന്നത് സത്യമാണ്. എന്നാല്‍ അത് ഭൂരിപക്ഷമില്ലാതെ തള്ളപ്പെട്ടു. നിങ്ങള്‍ കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനാല്‍ ഞാനും കാര്യങ്ങള്‍ തുറന്നുപറയാം; നിങ്ങളുടെ എന്‍ഡോഗമി വത്തിക്കാന് സ്വീകാര്യമല്ല. നിങ്ങള്‍ മിഷന്‍ പ്രവര്‍ത്തനം നടത്തി ആളുകളെ രൂപതയില്‍ ചേര്‍ക്കുന്നില്ല. ഇതാണ് വത്തിക്കാന്‍ പറയുന്ന ന്യായം.
ഡോമിനിക് : അത് പിതാവ് പറയരുത്. ഞങ്ങള്‍ ധാരാളം വൈദികരെയും കന്യാസ്ത്രീകളെയും മിഷന്‍ മേഖലയ്ക്ക് നല്‍കുന്നുണ്ട്. കോട്ടയത്ത് ആലഞ്ചേരി പിതാവ് വന്നല്ലേ മിഷന്‍ സംഗമം ഉദ്ഘാടനം നടത്തിയത് ?
നിങ്ങള്‍ ചെറിയ സമൂഹമാണ് കൂടുതല്‍ രൂപത അനുവദിക്കുകയില്ല എന്നാണ് സഭയുടെ തീരുമാനം.
ഡോമിനിക്ക് : പിതാവേ ഞങ്ങള്‍ ഒന്നേമുക്കാല്‍ലക്ഷം പേരുണ്ട്.
മേജര്‍ : അത് നിങ്ങളുടെ കണക്കാണ് ഒരു ലക്ഷത്തി പതിനെണ്ണായിരമേ ഉള്ളന്നാണ് കണക്ക്: ചിരിക്കുന്നു.
ഡോമിനിക്ക് : ഞങ്ങള്‍ പെറ്റുപെരുകുക മാത്രമാണ്.
മേജര്‍ : മിഷന്‍ പ്രവര്‍ത്തനം ആളുകളെ ചേര്‍ക്കുന്നതുകൂടിയാകണം നിങ്ങള്‍ ആളുകളെ ചേര്‍ക്കുന്നില്ല.
ഡോമിനിക്ക് : സുവിശേഷപ്രവര്‍ത്തനം ആളുകളെ ചേര്‍ക്കുന്നതു മാത്രമല്ല എന്നല്ലേ സഭയുടെ നിലപാടും പ്രബോധനവും.
മേജര്‍ : ശരിയാണ് നിങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റാളുകള്‍ അറിയട്ടെ എന്നു കരുതിയും, എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കട്ടെ എന്നു കരുതിയുമാണ് ആ മിഷന്‍ സംഗമത്തില്‍ ഞാന്‍ വന്നത്. ഞാനുംകൂടി മുന്‍കൈ എടുത്താണ് ആ സംഗമം സംഘടിപ്പിച്ചത്.
മേജര്‍ : നിങ്ങള്‍ ചെറിയ സമൂഹമാണ് നിങ്ങള്‍ക്ക് ഒരു രൂപതമതിയെന്നാണ് റോമിന്റെ തീരുമാനം
ഡോമിനിക്ക് സാവിയോ : മതി മതി ഒരു രൂപതമതി ഡല്‍ഹിയിലും അമേരിക്കയിലും കണ്ണൂരും സഹായമെത്രാനെ തന്നാമതി. ചെറിയ സമൂഹങ്ങള്‍ക്കു മൂവായിരവും അയ്യായ്യിരവും വിശ്വാസികള്‍ ഉള്ളിടങ്ങളില്‍പോലും രൂപതകള്‍ അനുവദിക്കുന്നുണ്ടല്ലോ.
മേജര്‍ : അത് മിഷന്‍ പ്രദേശങ്ങളിലാണ്. കണ്ണൂര് ഒരു സഹായമെത്രാന്‍ ഉണ്ടല്ലോ.
ഡോമിനിക് : പിന്നെ എവിടെയാണ് കുഴപ്പം?
മേജര്‍ : നിങ്ങള്‍ ലത്തീന്‍ സഭയ്ക്ക് വേണ്ടിയാണ് മിഷനറിമാരെ നല്‍കുന്നത്.
ഡോമിനിക്ക് : പിതാവേ ക്‌നായിതൊമ്മന്‍ വന്നത് സുവിശേഷ പ്രഘോഷണത്തിനായിട്ടാണ് ഒരു പ്രത്യേകസഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനല്ല.
മേജര്‍ : ചിരിക്കുന്നു
ഡോമിനിക് : പിതാവ് പറയുന്നത്, വംശീയരൂപതകള്‍ അനുവദിക്കുന്നതിന് റോം എതിരാണെന്നാണല്ലോ? 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇസ്രായേലിലെ യഹൂദ കത്തോലിക്കാര്‍ക്കായി മാരിഗോറി എന്ന ഒരു വൈദികനെ ബിഷപ്പായി നിയമിച്ചിരുന്നു. അത് പിതാവിന് അറിവുള്ള കാര്യമായിരിക്കുമല്ലോ? ഒരു വംശീയ മെത്രാനാണദ്ദേഹം.
മേജര്‍ : ആരാണ്? എവിടെയാണ്?
മേജര്‍ : ആരാണ്? എവിടെയാണ്?
റ്റോമി : ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസായിരുന്ന മൈക്കിള്‍ സബ്ബായുടെ കീഴിലായിരുന്നു ആ ബിഷപ്പിന്റെ നിയമനം എന്നാണറിവ്. ആ പാത്രിയാര്‍ക്കീസ് കഴിഞ്ഞവര്‍ഷം മരണപ്പെട്ടു എന്നും അറിയാം. ഹെബ്രായ കത്തോലിക്കര്‍ എന്നാണ് അവര്‍ ഇന്ന് സഭയില്‍ അറിയപ്പെടുന്നത്. ഹെബ്രായ റീത്തിനായുള്ള ശ്രമം വത്തിക്കാനില്‍ നടക്കുന്നുമുണ്ട്.
മേജര്‍ : ശരിയാണ് മൈക്കിള്‍ സബ്ബായെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അയര്‍ലണ്ടിലും ഇതുപോലുള്ള ഒരു ബിഷപ്പിനെ നിയമിച്ചതായി എനിക്ക് അറിയാം. അപ്പോള്‍ നിങ്ങള്‍ക്ക് കേരളത്തിനു വെളിയില്‍ ലത്തീന്‍ ബിഷപ്പുമാരുടെ കീഴില്‍ അങ്ങനെ തുടരുന്നതിന് കഴിയും.
ഡോമിനിക് : ലത്തീന്‍ ബിഷപ്പുമാരുടെ കീഴില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാകുന്നില്ല. അവിടങ്ങളില്‍ സീറോമലബാര്‍ രൂപതകള്‍ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍. അമേരിക്കയിലും ഡല്‍ഹിയിലും രൂപതകള്‍ വന്നുകഴിഞ്ഞപ്പോഴല്ലേ കുഴപ്പങ്ങളാരംഭിച്ചത്.
മേജര്‍ : ഞാന്‍ എന്റെ നിലപാടുകള്‍ പറഞ്ഞു. മൂലക്കാട്ടില്‍ പിതാവിന് പലകാര്യങ്ങളിലും പലതും ചെയ്യാനാകും. ചെയ്യുന്നുമുണ്ട്. വത്തിക്കാനില്‍ ഇക്കാര്യങ്ങള്‍ ചെന്നുപറയുമ്പോള്‍ നോ എന്നാണ് മറുപടി. എന്നാലും ഇനിയും നിങ്ങള്‍ക്കായി ഞാന്‍ പരിശ്രമിക്കുകയും ചെയ്യും. എന്‍ഡോഗമിയാണ് മുഖ്യമായ പ്രശ്‌നം.
ഡോമിനിക് : അപ്പോള്‍ പത്താം പീയൂസിന്റെ ബൂളാ നിലനില്‍ക്കുന്നില്ലേ? അതാണല്ലോ കോട്ടയം വികാരിയത്തിന്റെ അടിസ്ഥാനം
മേജര്‍ : അതിനെപ്പറ്റി വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. പത്താം പീയൂസിന്റെ ബൂളായില്‍ എന്‍ഡോഗമി എന്ന വാക്കില്ല എന്നാണ് പറയുന്നത്. അന്ന് ഇവിടെയുണ്ടായിരുന്ന ഇരു വിഭാഗങ്ങളുടെയും പ്രശ്‌നപരിഹാരമായിട്ട് അനുവദിച്ചതാണ് അന്നത്തെ വികാരിയത്ത് അനുവദിച്ചപ്പോള്‍ നിങ്ങള്‍ രൂപതയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുകയില്ലാ എന്ന് അന്നുള്ളവര്‍ മനസ്സിലാക്കിയിരുന്നില്ല. ഉദാഹരണമായി; ലത്തീന്‍ രൂപതയിലെ എഴുന്നൂറ്റിക്കാരും, അഞ്ഞൂറ്റിക്കാരും ഒരു രൂപതയിലായിരുന്നപ്പോള്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. അപ്പോള്‍ രണ്ടു വിഭാഗത്തിനെയും രണ്ടു രൂപതകളിലാക്കി പ്രശ്‌നമവസാനിപ്പിച്ചു. അവര്‍ എന്‍ഡോഗമി നിലനിര്‍ത്തുന്നില്ല. ഈ ചിന്തയിലായിരിക്കണം നിങ്ങള്‍ക്കായി വികാരിയത്ത് അനുവദിച്ചപ്പോള്‍ അന്നത്തെ അധികാരികളുടെ മനസ്സിലുമുണ്ടായിരുന്നത്.
ഇന്നു ധാരാളം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കിടയില്‍ നിന്നും പൊന്തിവരുന്നതിനാല്‍, എന്‍ഡോഗമി എന്നതിന് വത്തിക്കാന്‍ പ്രാധാന്യം കല്‍പിക്കുന്നു. അതാണ് ഇന്നുള്ള ഏക തടസ്സം.
അറ്റലാന്റാ പ്രതിനിധി ജോസ് കാപറമ്പില്‍ : പിതാവേ, അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം അമേരിക്കയില്‍ ക്‌നാനായ സമുദായത്തില്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. അത് നാളെ കേരളത്തിലേക്കും അതിന്റെ ബുദ്ധിമുട്ട് വരുകയില്ലേ?
മേജര്‍ : എന്ത് ബുദ്ധിമുട്ട്? ഒന്നുമുണ്ടാകില്ല. അവിടുത്തെ ക്‌നാനായ കത്തോലിക്കര്‍ സീറോമലബാര്‍ സഭയോട് ചേര്‍ന്ന് നില്‍ക്കട്ടെ. ഇവിടുത്തെ ക്‌നാനായക്കാര്‍ ഇന്നുള്ള സ്ഥിതിയിലും തുടരും. ഇതാണ് റോമിന്റെയും നിശ്ചയം. ഞാനും പലയിടത്തും രൂപതകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും അതെല്ലാം കിട്ടുന്നില്ലല്ലോ? തിരസ്‌ക്കരണം എല്ലായിടത്തുമുണ്ട്. പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്.
ഡോമിനിക്ക് : പിതാവിന്റെ ആവശ്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ സാധിച്ചുകിട്ടും ഞങ്ങളുടെ ആവശ്യമാണ് പരിഹരിക്കപ്പെടാത്തത്.
ഇത്തരം പ്രതിഷേധങ്ങള്‍ക്കൊണ്ട് ഒരു ഗുണവുമുണ്ടാവുകയില്ല. നിങ്ങള്‍ക്ക് ലഭിക്കേണ്ട കാര്യങ്ങള്‍ക്ക് അത് മങ്ങലേല്പ്പിക്കും. നിങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെയല്ല ഇവിടെ വന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.... അല്ലേ? (ആരും ഒന്നും മറുപടി പറഞ്ഞില്ല) മൂലക്കാട്ട് പിതാവ് പറയുകയാണ്; ഇവരെ ഞാനാണ് അയയ്ക്കുന്നത്, ഇവരോട് മേജര്‍ ആര്‍ച്ച് ബിഷപ്പ് സംസാരിക്കണം എന്നു പറഞ്ഞാല്‍ കൂടുതല്‍ ഫലപ്രാപ്തിക്ക് കാരണമായേക്കാം. അതുകൊണ്ട് നിങ്ങള്‍ ബഹളമുണ്ടാക്കാതെ സൂത്രത്തില്‍ നിന്ന് എന്തെങ്കിലും വാങ്ങിയെടുക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
ഡോമിനിക്ക് : അടുത്തയിടെ മധ്യപൂര്‍വ്വദേശത്തെ പിതാക്കന്മാരുടെ ഒരു സിനഡ് റോമില്‍ നടന്നല്ലോ അതില്‍ സംബന്ധിച്ച ബോസ്‌ക്കോ പുത്തൂര്‍ പിതാവ് അവിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഗള്‍ഫ് പ്രദേശത്ത് നാല്പതിനായിരം സീറോമലബാര്‍ വിശ്വാസികളുണ്ടെന്നും അവരുടെ തനിമ നിലനിര്‍ത്താന്‍ സ്വന്തം വൈദികരാല്‍ പരിപാലിക്കപ്പെടണമെന്നാണല്ലോ. ഇതേ അവസ്ഥയിലല്ലേ കേരളത്തിനു പുറത്തുള്ള ക്‌നാനായക്കാരും അവരുടെ അജപാലനവും ക്‌നാനായ വൈദികരാല്‍ നിര്‍വ്വഹിക്കേണ്ടതല്ലെ!
മേജര്‍ : മൗനം......
മയാമി പ്രതിനിധി, സൈമണ്‍ കുഴക്കിയില്‍ : പിതാവേ, ഞങ്ങള്‍ വളരെ ദു:ഖത്തിലാണ്. ഒരു കാര്യം ഞാന്‍ ചോദിച്ചുകൊള്ളട്ടെ; ഒരു തെക്കുംഭാഗക്കാരന്‍ ഒരു വടക്കുംഭാഗ പെണ്‍കുട്ടിയെ അമേരിക്കയില്‍ വെച്ച് വിവാഹം ചെയ്താല്‍, അങ്ങാടിയത്ത് പിതാവിന്റെ പുതിയ കല്‍പനപ്രകാരം അവര്‍ രണ്ടുപേരും അമേരിക്കയിലെ ക്‌നാനായ ഇടവകയില്‍ അംഗമായിരിക്കും.
മേജര്‍ : അതെ.
സൈമണ്‍ : അവര്‍ നാട്ടില്‍ വരുമ്പോള്‍ ഇവിടുത്തെ ക്‌നാനായ പള്ളിയില്‍ അവരെ സ്വീകരിക്കുമോ?
മേജര്‍ : നിങ്ങള്‍ മാറികെട്ടിയവരുടെ ആള്‍ക്കാരാണോ.....?
റ്റോമി : പിതാവിന് കാര്യം മനസ്സിലായില്ല. അതായത് പിതാവേ, തെക്കുംഭാഗക്കാരനും കോട്ടയം കത്തീഡ്രല്‍ പള്ളി ഇടവകാംഗവുമായ ഒരു ക്‌നാനായ യുവാവ് അമേരിക്കയില്‍ എത്തി ഒരു വടക്കുംഭാഗക്കാരിയെ വിവാഹം ചെയ്താല്‍ ഇന്നത്തെ അമേരിക്കന്‍ ഇടവകയിലെ നിയമമനുസരിച്ച് ക്‌നാനായ പള്ളിയില്‍ അംഗത്വം ലഭിക്കും. എന്നാല്‍, അവര്‍ ജോലി നിര്‍ത്തി നാട്ടില്‍ വരുമ്പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ അവര്‍ക്ക് അംഗത്വം ലഭിക്കുമോ എന്നാണ് സൈമണ്‍ ചേട്ടന്‍ പിതാവിനോട് ചോദിച്ചത്.
മേജര്‍ : കുറെനേരം മൗനത്തിലായശേഷം ആലഞ്ചേരി പിതാവ് പറഞ്ഞു; അത് നിങ്ങള്‍ക്കിടയിലെ ഒരു ഇന്റേണല്‍ പ്രോബ്ലമാണ്. അതിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ മൂലക്കാട്ട് പിതാവിനോട് നിങ്ങള്‍ പറയണം.
ഡോമിനിക് : പണ്ട് ഷീന്‍സ് ആകശാല പിതാവിനെ വന്നു കണ്ടിരുന്നുവല്ലോ. നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് റോമിന് പോയി പ്രശ്‌നപരിഹാരമുണ്ടാക്കാം എന്നും കേട്ടിരുന്നുവല്ലോ?
മേജര്‍ : ഷീന്‍സിനെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ ഞാന്‍ പരിചയപ്പെടുത്താം എന്നാണ് പറഞ്ഞിരുന്നത്.
ഡോമിനിക് : എന്നിട്ട് ഷീന്‍സ് വന്നില്ലേ?
മേജര്‍ : അദ്ദേഹത്തെ കാണാന്‍ തയ്യാറല്ലാ എന്നാണ് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അറിയിച്ചത്. അതായത്, എന്‍ഡോഗമി വിഷയവുമായി എത്തേണ്ടതില്ല എന്ന്. അമേരിക്കന്‍ സീറോമലബാര്‍ സഭയുമായി അവര്‍ ചേര്‍ന്നുപോകണം എന്നാണ് കോണ്‍ഗ്രിഗേഷന്റെ ആഗ്രഹം
മേജര്‍ : നമുക്ക് പ്രാര്‍ത്ഥിക്കാം; പിതാവ് എഴുന്നേല്‍ക്കുന്നു. എല്ലാവരും മോതിരം മുത്തുന്നു.
കാരുണ്യവാനായ പിതാവേ, ക്‌നാനായ സമുദായത്തിന്റെ പ്രശ്‌നങ്ങളെല്ലാം അങ്ങയുടെ കരങ്ങളില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ നടത്തിതരാന്‍ അങ്ങ് ഇടപെടേണമേ. മറിച്ചാണ് അങ്ങയുടെ തീരുവിഷ്ടമെങ്കില്‍, അത് അവര്‍ക്ക് മനസ്സിലാക്കുവാനും, ഉള്‍ക്കൊള്ളുവാനും സാധിക്കണമേ. അങ്ങനെ അവര്‍ സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് നിന്നുകൊണ്ട് ആഗോള സഭയ്ക്ക് മുതല്‍ക്കൂട്ടായി തീരുവാന്‍ കഴിയട്ടെ. ഇവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള ക്ഷമയും ശാന്തതയും ഇവര്‍ക്ക് കൊടുക്കണമേ പരിശുദ്ധ മറിയമേ ഞങ്ങള്‍ അങ്ങയുടെ മദ്ധ്യസ്ഥം തേടുന്നു.
(ആശീര്‍വാദം നല്‍കുന്നു)
ഇറങ്ങാന്‍ നേരത്ത് സാബു പറഞ്ഞു; എളിമമൂലം മൂലം എനിക്കിത് സാധിക്കില്ല എന്നു പിതാവ് പറയുമെങ്കിലും ക്‌നാനായ സമുദായത്തിനുവേണ്ടി പിതാവിന് പലതും ചെയ്യുവാനാകുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
ഞാന്‍ അടുത്തവര്‍ഷം അറ്റ്‌ലാന്റായില്‍ നിന്നും ഷിക്കാഗോയിലേക്ക് ഏതാണ്ട് 800 കിലേമീറ്റര്‍ നടന്ന് നിവേദനം കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതു കഴിഞ്ഞ് റോമില്‍ നിരാഹാരവും ഇരിക്കും ഞാന്‍ മരിച്ചാല്‍ പിതാവ് വന്ന് അടക്കിയേക്കണം.
മേജര്‍ : ശുഭാപ്തി വിശ്വാസം നല്ലതാണ്; ആരോഗ്യം കാക്കണം കേട്ടോ.
ഡോമിനിക് : പിതാവ് നീണ്ടൂരുവന്നപ്പോള്‍ ഞങ്ങള്‍ നടവിളിച്ചു കോട്ടയത്തുവന്നപ്പോള്‍ നടവിളിക്കാഞ്ഞതില്‍ പരിഭ്രമം പറഞ്ഞു.
മേജര്‍ : അതേ അതേ എന്നെ നടവിളിച്ച് സ്വീകരിക്കണം അതെനിക്കിഷ്ട്ടമാണ്. വിളിക്കാത്തിടത്ത് പറഞ്ഞ് വിളിപ്പിക്കും.
ഡോമിനിക്ക് : പിതാവ് ഇനി വരുമ്പോള്‍ നടവിളിക്കാന്‍ ഈ സമൂഹം ഉണ്ടാകുമെന്നു തോന്നുന്നില്ല.
ശുഭം.....
No comments:
Post a Comment
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.