പള്ളികൾ വാങ്ങിക്കുവാൻ തീവ്രമായി നിലകൊള്ളുന്നവർ മറ്റാരുടെയും ചിലവിലല്ല കഴിയുന്നത്. നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് എന്നതുപോലെ തന്നെ തങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് ആവശ്യമില്ലാതെ പള്ളികൾ വാങ്ങി ധൂർത്തടിച്ചു് സമുദായ അംഗങ്ങൾക്ക് സാമ്പത്തിക ഭാരം വരുത്തിവയ്ക്കുവാൻ നൽകില്ല എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ട് എന്നതും അംഗീകരിക്കണം. ന്യൂനപക്ഷ തീരുമാനത്താൽ പള്ളികൾ വാങ്ങി ക്രമേണ അതിന്റെ ഭാരം കൂദാശകൾ സ്വീകരിക്കുവാൻ വരുമ്പോൾ കുടിശ്ശികയുടെ പേരും പറഞ്ഞു പിടിച്ചു വാങ്ങികൊണ്ടിരുന്ന പ്രവണത ഇനിയും മുൻപോട്ടു തുടരുവാൻ സാധിക്കില്ല എന്നത് പള്ളി വാങ്ങുവാൻ മുൻകൈ എടുക്കുന്നവർ ഓർമ്മിക്കുക. ഏതു റൈറ്റിൽ പെട്ടവരായാലും വത്തിക്കാന് കീഴിലുള്ള ഏതു കത്തോലിക്കാപള്ളികളിൽ നിന്നും കൂദാശകൾ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് കൂദാശകൾ നിഷേധിക്കരുതെന്നും ആരെങ്കിലും നിഷേധിച്ചാൽ വത്തിക്കാനെ നേരിട്ട് അറിയിക്കുവാനുള്ള വിലാസവും ഫോൺ നമ്പരും അടങ്ങുന്ന, KCCNA യ്ക്കു വത്തിക്കാനിൽനിന്നു ലഭിച്ച കത്ത്, മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചത് എല്ലാവരും കണ്ടിട്ടുണ്ടാവും. നമ്മുടെ സഭാധികാരികൾ ചെയ്യുന്ന തെറ്റുകൾ വത്തിക്കാന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ടെന്നു സാരം.
പള്ളി വാങ്ങുന്നതിൻറെ കടം കൂടാതെ ഒരിക്കലും തീരുകയില്ലാത്ത heating/air-conditioning തുടങ്ങിയുള്ള മറ്റു മരാമത്തു ബില്ലുകൾ, വൈദികരുടെ ശമ്പളം, കാർ, ഇൻഷുറൻസ്, റിട്ടയർമെൻറ് ഫണ്ട് എന്നുതുടങ്ങി കുഞ്ഞാടുകളിൽ നിന്ന് മേടിച്ചെടുക്കാവുന്ന എല്ലാവിധ ചിലവുകളും നാം തന്നെ വഹിക്കേണ്ടിവരുമെന്നത് സ്വാർത്ഥരായി ചിന്തിക്കുന്നവർ വെളിപ്പെടുത്തിയെന്നു വരില്ല. വിശ്വാസത്താൽ അന്ധത ബാധിച്ചിരിക്കുന്നവർ പള്ളിക്കാർ ചെയ്യുന്ന തെറ്റുകൾ തെറ്റുകളായി കാണാറില്ല.
അതിലുപരി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്ന നമ്മുടെ സ്വന്തം തലമുറ ഇപ്പോൾ തന്നെ ഈ മലയാളം പള്ളികളിലേക്ക് തിരിഞ്ഞു നോക്കാറില്ല എന്നിരിക്കെ നിങ്ങൾ റിട്ടയർ ചെയ്തു കഴിയുമ്പോൾ ഇതിന്റെ തുടർനടത്തിപ്പു ഭാരവും നിങ്ങളുടെ തലയിൽ തന്നെയാവും. തങ്ങളുടെ റിട്ടയർമെൻറ് ഫണ്ടിൽനിന്നും പെൻഷൻ ഫണ്ടിൽ നിന്നും നല്ല ഒരു വിഹിതം ഇതിനുവേണ്ടി മാറ്റിവയ്ക്കുവാൻ എത്രപേർക്ക് സാധിക്കും? അതിനു സാധിക്കാതെ വന്നാൽ പണ്ട് മുത്തോലം ചിക്കാഗോയിൽ "നിങ്ങൾ നേർച്ചയിടാതെ ഇരുന്നിട്ട് പള്ളികൾ പൂട്ടിപോയാൽ നിങ്ങൾക്കു തന്നെ നഷ്ട്ടം" എന്നു പറഞ്ഞതുപോലെ മുളവനാലും പറഞ്ഞു കൈ കഴുകും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ROCKLAND, NORTH JERSEY, SOUTH JERSEY, PHILADELPHIA, WESTCHESTER, CONNECTICUT എന്നിവിടങ്ങളിലെല്ലാം സിറോമലബാർ മലയാളം പള്ളികൾ വാങ്ങണമെന്ന് ശാഠ്യം പിടിക്കുന്നവർ വാങ്ങിക്കൊള്ളുക. മറ്റാർക്കും നിങ്ങളെ തടയുവാൻ അധികാരം ഇല്ല.
Rockland ൽ കഴിഞ്ഞ വർഷം അടച്ചു പൂട്ടിപോയ St Mary's പള്ളി ഏകദേശം നൂറ് വർഷങ്ങൾക്കു മുൻപ് ചെക്കോസ്ലോവാക്യകാർ പണിയിച്ച പള്ളിയായിരുന്നു. ഇന്ന് നാം ചിന്തിച്ചിരുന്നപോലെ തങ്ങളുടെ കൾച്ചർ നിലനിർത്തുവാൻവേണ്ടി പണിയിച്ച പള്ളി വർഷങ്ങൾ കഴിഞ്ഞപ്പോൾ, സാമ്പത്തിക ഭാരം അവർക്ക് താങ്ങാനാവാതെ വന്നപ്പോൾ, New York archdiocese ഏറ്റെടുത്തു. രണ്ട് വർഷങ്ങൾക്ക് മുൻപ് New York archdiocese നെകൊണ്ട് അതിന്റെ നടത്തിപ്പിന്റെ ചെലവ് വഹിക്കാനാവാതെ അടച്ചുപൂട്ടുകയുണ്ടായി. അന്ന് ചെക്കോസ്ലോവാക്യകാരുടെ അടുത്ത തലമുറയിലെ വിരലിലെണ്ണാവുന്ന ജനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു തുള്ളി കണ്ണുനീർ വീഴ്ത്തുവാൻ അതിനുവേണ്ടി അദ്ധ്വാനിച്ചവർ ആരും ഇല്ലായിരുന്നു. ഇന്ന് അടഞ്ഞുകിടക്കുന്ന ആ പള്ളി വാങ്ങിക്കുവാൻ ക്നാനായക്കാർ ശ്രമിക്കുന്നു എന്ന് ഇടയ്ക്ക് കേൾക്കുകയുണ്ടായി. മറ്റുള്ളവരുടെ തെറ്റുകളിൽനിന്നു പഠിക്കാതെ 'അന്ധമായി സഭാധികാരികളെ പിന്തുണയ്ക്കുന്ന ഭക്തർ' പറയുന്നതു കേട്ട് പള്ളികൾ വാങ്ങുവാൻ തുനിയുന്നവരെ മറ്റാർക്കും തടയുവാനാവില്ല, രക്ഷിക്കുവാനാവില്ല. വിദേശങ്ങളിൽ സ്വന്തം കാലിൽ നിന്നിട്ടും തെറ്റാണെങ്കിൽ അത് തെറ്റാണ്, അതിനോട് യോജിക്കാൻ എനിക്കാവില്ല എന്ന് പറയുവാനുള്ള ധൈര്യം ഇനിയെങ്കിലും ആർജിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്നാണ് നമുക്ക് സാധിക്കുക? പള്ളി വാങ്ങുന്നതിന് എതിരായി നിലകൊള്ളുന്ന സമുദായാഗംങ്ങൾക്ക് ഇതിൽ നിന്ന് പ്രത്യേക ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല. തങ്ങളെപോലെതന്നെ നിങ്ങൾ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണം നഷ്ട്ടപ്പെട്ടെങ്കിലോ എന്ന ചിന്തകൊണ്ടു മാത്രം പറയുന്നു എന്നു കരുതിയാൽ മതി.
നാട്ടിൽ നാം വളർന്നുവന്ന കാലത്തെ ചിന്താഗതിയിൽ നിന്നും മാറി നാം വസിക്കുന്നിടങ്ങളിലെ രീതികളുമായി കഴിയുന്നത്ര ഇഴുകിച്ചേർന്നു ജീവിക്കുവാൻ നാം ശ്രമിക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ മക്കൾക്കും മനസ്സിലാകുന്ന ഇംഗ്ലീഷ് ഭാഷയിൽ അതാതു നാട്ടിലെ പള്ളികളിൽനിന്നും ലഭിക്കുന്ന പ്രാർത്ഥനകളും കൂദാശകളും നമുക്ക് ആശ്രയമേകിയ രാജ്യങ്ങളിൽ ലഭ്യമാണ്. അതിന്റെ സ്ഥാനത്തു മലയാളം കൂടുതൽ അറിയില്ലാത്ത നമ്മുടെ കുട്ടികളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു സിറോമലബാർ മലയാളം കുർബാന അടിച്ചേൽപ്പിക്കുന്നത് കേരളത്തിലെ പള്ളികളിൽ മലയാളം കുർബാന മാറ്റി നാട്ടിൽ ഇന്ന് ആർക്കും മനസ്സിലാകില്ലാത്ത സുറിയാനി കുർബാന നടപ്പിലാക്കുന്നതിനു തുല്യമാണ്.
"ആപത്തിൽ സഹായിച്ചവരെ ഉപേക്ഷിക്കരുത്" എന്ന ചൊല്ലുപോലെ, നമ്മുടെ ആവശ്യനേരങ്ങളിൽ (നമ്മുടെ ജന്മനാടിനും നമ്മുടെ സമുദായങ്ങൾക്കും നമ്മെ സംരക്ഷിക്കുവാൻ കഴിയാതിരുന്ന സമയത്തു്) നമുക്ക് ജോലി നൽകി, സാമ്പത്തിക ഭദ്രതയുണ്ടാക്കി, നമ്മുടെ മക്കളേയും അടുത്ത തലമുറയേയും സംരക്ഷിക്കുന്ന രാജ്യത്തേയും സമൂഹത്തെയും തള്ളിപ്പറയുന്നത്, സ്വാർത്ഥത മൂലം ഇന്ന് നമ്മുടെ സഭാ പിതാക്കന്മാരും ചില വൈദികരും ചെയ്യുന്ന 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന' നീചമായ പ്രവർത്തിക്കു തുല്യമാണ്. നമുക്കും നമ്മുടെ മക്കൾക്കും ആവശ്യനേരങ്ങളിൽ തുണയും ആശ്രയവും സങ്കേതവുമായിരുന്ന, വിദേശ പള്ളികൾക്ക് ഇന്ന് ആവശ്യമായ പ്രാണവായു നൽകേണ്ടത്തിനു പകരം അത്യാഗ്രഹം പൂണ്ട, സ്വാർത്ഥരായി നമ്മെ ഭിന്നിപ്പിക്കുന്ന, നാട്ടിൽ ആർഭാടങ്ങളിൽ മുഴുകി, സമ്പന്നരായി, ധാരാളിച്ചു ജീവിക്കുന്ന സിറോമലബാർ പള്ളികളെയാണോ നാം വളർത്തേണ്ടത്? ഇത്തരം നന്ദികേട് വിശ്വാസികളെന്നു സ്വയം അഭിമാനിക്കുന്ന നമുക്ക് ചേർന്നതാണോ? ഇതാണോ നമ്മുടെ ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്?
സമുദായത്തെ വെട്ടിമുറിച്, സുഹൃത്തുക്കളെയും കുടുംബാന്ഗങ്ങളെയും തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു പള്ളികൾ വാങ്ങിച്ചും, family conference, family retreat എന്നൊക്കെ ഓമനപ്പേരും പറഞ്ഞു പാരലൽ കൺവെൻഷനുകൾ സൃഷ്ടിച്ചു നമ്മുടെ മക്കൾക്ക് ഉപകാരപ്രദമാകേണ്ട സമുദായത്തെ നശിപ്പിക്കുന്ന നമ്മുടെ പുരോഹിത നേതൃത്വത്തിനും അതിന് കൂട്ടുനിൽക്കുന്ന ചില അൽമായ നേതാക്കളും ലജ്ജയില്ലാത്തവരായി, അവഹേളിതരായി തീരുന്നത് കാണുവാൻ അവർക്ക് കഴിയാത്തതെന്തേ? നമ്മെ ആല്മീയമായി രക്ഷിക്കാനെന്ന വ്യാജേന ഇറങ്ങിത്തിരിച്ചിരിക്കുന്ന സിറോമലബാർ എന്ന സഭാഇത്തിക്കണ്ണികളിൽ നിന്നും സമുദായത്തെ രക്ഷപെടുത്തേണ്ട ചുമതല നമുക്കേവർക്കും ഉണ്ട്. നമ്മുടെ മക്കളെ നമ്മുടെ സമുദായത്തിലേക്ക് ആകർഷിക്കുവാൻ അവശേഷിച്ചിരിക്കുന്ന KCCNA കൺവെൻഷന് സഭയോടൊപ്പം ചേർന്ന്നിന്ന് തുരങ്കം വയ്ക്കുന്നവർ സ്വന്തം മക്കളുടെ ഭാവിക്കാണ് തുരങ്കം വയ്ക്കുന്നതെന്നത് വിസ്മരിക്കരുത്. ദൈവവരപ്രസാദം നഷ്ടപ്പെടുത്തി സ്വാർഥതയ്ക്കും ഭൗതിക സമ്പത്തിനും വേണ്ടി ജീവിക്കുന്ന ചില ബിഷപ്പ്മാരെയും കുറച്ചു വൈദികരേയുംപോലെ തരംതാഴ്‌ന്ന് നമ്മളും സ്വർഗ്ഗരാജ്യം നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക.
Joseph Stephen Thottananiyil